എങ്ങനെ നിശബ്ദമായിരിക്കാൻ കഴിയും..? പ്രത്യേകിച്ച് യുവാക്കളും വിദ്യാർഥികളും ജീവിതപ്രതിസന്ധി നേരിടുമ്പോൾ... യുവാക്കളെ തള്ളി സിനിമാലോകത്തിനു മുന്നോട്ടുപോകാനാവില്ല എന്നതിന്റെ തെളിവായിരുന്നു നീറ്റ് വിഷയത്തിൽ സമരത്തിനിറങ്ങിയ വിദ്യാർഥികളെ പിന്തുണച്ച് സിനിമാലോകത്തെ പ്രമുഖർ രംഗത്തിറങ്ങിയ ചിത്രം. ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രമുഖർ സമരവേദിയിലേക്ക് ഒഴുകുകയാണ്. ശബാന ആസ്മി, പ്രകാശ് രാജ്, സ്വരാ ഭാസ്കർ, ഹുമാ ഖുറേഷി എന്നിവർ സമരവേദിയിൽ നേരിട്ടെത്തി ..... മലയാള സിനിമാ ലോകത്തിനും നിശബ്ദത പാലിക്കാൻ കഴിഞ്ഞില്ല.
അതേസമയം, രാജ്യത്തെ ഇളക്കി മറിച്ച ഒരു പ്രക്ഷോഭം നടക്കുമ്പോഴും ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ തന്ത്രപരമായ നിശബ്ദത പാലിക്കുന്നവരുമുണ്ട്. അതേസമയം, വിരലിൽ എണ്ണാവുന്നവർ സമരത്തിനെതിരേയും രംഗത്തുവന്നിട്ടുണ്ട്.
സമാധാനപരമായി സമരം നടത്തിയിരുന്നവർക്കെതിരേ കൊടുംക്രൂര ആക്രമണം നടത്തിയ പോലീസ് നടപടിക്കെതിരേ ആദ്യം പ്രതികരിച്ചവരിലൊരാൾ സൂപ്പർതാരം മോഹൻലാലിന്റെ മകൾ വിസ്മയയാണ്. തന്റെ ആദ്യ ചിത്രം റിലീസിന് ഒരുങ്ങുന്ന വേളയിലാണ് ആർജവത്തോടെയുള്ള വിസ്മയയുടെ പ്രതികരണം. ഇതിനു പിന്നാലെ താരങ്ങൾ ഒാരോരുത്തരായി അഭിപ്രായം അറിയിച്ചു രംഗത്തുവന്നു.
ഇതുവരെ ഇക്കാര്യത്തിൽ നിശബ്ദനായിരിക്കുന്ന അച്ഛന്റെ മുന്നിൽ വലിയൊരു കുറിപ്പുമായാണ് വിസ്മയ എത്തിയത്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യമുയർത്തിയായിരുന്നു വിസ്മയ എത്തിയത്.
അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കേണ്ടതുമില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സംഘടനകളെ ഇഷ്ടപ്പെടണമെന്നുപോലും ഇല്ല. പക്ഷേ, പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു എന്നായിരുന്നു വിസ്മയ ചോദിച്ചത്.
എല്ലാക്കാര്യത്തിലും പ്രതികരിക്കുന്ന മോഹൻലാൽ കേന്ദ്രത്തിനെതിരെയുള്ള ഈ വിഷയത്തിൽ എന്താണ് മൗനം പാലിക്കുന്നതെന്നാണ് ഭൂരിപക്ഷം ചോദിക്കുന്നത്. മോഹൻലാൽ നിശബ്ദനാണെങ്കിലും വിസ്മയയുടെ പോസ്റ്റിനെതിരേ ബിജെപി അനുയായികൂടിയായ മേജർ രവി രംഗത്തുവന്നു. വിസ്മയയ്ക്ക് രാഷ്ട്രീയം അറിയില്ലെന്നായിരുന്നു മേജർ രവിയുടെ പ്രതികരണം.
എന്നാൽ, യുവജനങ്ങളാണ് രാജ്യത്തിന്റെ സമ്പത്തെന്നും അവരെ കേൾക്കണമെന്നും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു പിന്തുണയുമായി മമ്മൂട്ടി മടിക്കാതെ രംഗത്തുവന്നു.
അച്ഛന്റെ നിലപാടിനെ മകൾ തള്ളുന്ന മറ്റൊരു കാഴ്ചയായിരുന്നു നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെയും മകൾ അഹാനയുടെയും പോസ്റ്റിൽ കണ്ടത്.
കാഷ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി എന്ന ചോദ്യവുമായി കേന്ദ്രസർക്കാരിനെ അനുകൂലിച്ചെത്തിയ കൃഷ്ണകുമാറിന്റെ നിലപാടിനെ തള്ളിയാണ് അഹാന എത്തിയത്. സുതാര്യവും നീതിയുക്തവുമായ ഒരു സംവിധാനം നമ്മുടെ കുട്ടികൾ അർഹിക്കുന്നുണ്ടെന്നും ഒരു കുട്ടിക്കും ഇനി ഇത്തരം ഭാരങ്ങൾ പേറേണ്ടി വരില്ലെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നുവെന്നും ആയിരുന്നു അഹാനയുടെ വാക്കുകൾ.
അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ് നേരിട്ടു ഡൽഹിയിലെ സമരവേദിയിൽ എത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. കൊച്ചിയിൽ നടന്ന പ്രതിഷേധത്തിൽ പ്രസംഗിക്കാനും അവരെത്തി. അതുപോലെ എറണാകുളം മഹാരാജാസ് കോളജിനു മുന്നിൽ നടന്ന വിദ്യാർഥികളുടെ പ്രതിഷേധത്തിൽ ജോജു ജോർജ് അടക്കമുള്ളവർ പങ്കെടുത്തു
ടൊവീനോ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഭാവന, മഞ്ജുവാര്യർ, രമേഷ് പിഷാരടി, ഇന്ദ്രജിത്ത് സുകുമാരൻ, മീനാക്ഷി, സിജു സണ്ണി, റഹ്മാൻ, വിനയ് ഫോർട്ട്, കാളിദാസ് ജയറാം, നസ്ലിൻ, നിഖില വിമൽ, ഗ്രേസ് ആന്റണി, ദീപ തോമസ്, ഹാഷിർ, മാത്യു തോമസ് തുടങ്ങി മലയാള സിനിമയിലെ പല താരങ്ങളും പിന്തുണച്ച് എത്തിയെങ്കിലും ഇതുവരെ മിണ്ടാത്ത പ്രമുഖരിൽ മോഹൻലാലും ജയസൂര്യയും നിവിൻ പോളിയുമൊക്കെ ഉൾപ്പെടുന്നുണ്ട്.